പാട്ടും ഡാന്‍സും മറ്റു കോലഹലങ്ങളുമൊന്നും മാനദണ്ഡമാക്കാതെ സുസ്ഥിര വികസന മാതൃകകളുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ മത്സരിക്കുന്ന ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റി ഷോയുടെ ഷൂട്ടിംഗ് ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഫെബ്രുവരി 15ന് നിര്‍വഹിച്ചു. തിരുവനന്തപുരത്ത് കിള്ളിപ്പാലത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ (പഴയ ശിവ തിയേറ്റര്‍) നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, ഷോയുടെ ജൂറി അംഗങ്ങളായ കെ.പി കണ്ണന്‍, ആര്‍.വി.ജി മേനോന്‍, ആര്‍ ഹേലി, നടി പത്മപ്രിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിലുള്ള തങ്ങളുടെ പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് പഞ്ചായത്തുകള്‍ മത്സരവേദിയില്‍ മാറ്റുരയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റോ പഞ്ചായത്ത് അംഗങ്ങളോ ആണ് ഷോയില്‍ പഞ്ചായത്തുകളെ പ്രതിനിധീകരിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ റിയാലിറ്റി ഷോ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യും.

പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനത്തിന് മുന്‍പ് വേദിയിലെത്തി സംഘാടകരെ അഭിനന്ദിച്ചു. ദൂരദര്‍ശന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടി. ചാമിയാര്‍, ആകാശവാണി ഡയറക്ടര്‍ കെ.എ മുരളീധരന്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ, സി~ഡിറ്റ് രജിസ്ട്രാര്‍ കെ.ടി ബാലഭാസ്കരന്‍  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Categories: