ഗ്രാമങ്ങളുടെ ഉള്ളറകള്‍ തേടിയുള്ള ഞങ്ങളുടെ യാത്ര തൃശ്ശൂര്‍, വയനാട്,കോഴിക്കോട് എന്നീ ജില്ലകളിലേക്കായിരുന്നു.  നാലു മിനുട്ടില്‍ നിങ്ങള്‍ എന്റെ പഞ്ചായത്തിന്റെ എന്താണ് ഈ പരിപാടിയിലൂടെ കാണിക്കാന്‍ പോകുന്നത് എന്ന ചോദ്യം എല്ലാ പഞ്ചായത്തുകളില്‍ നിന്നും ഉയര്‍ന്നു.  ആ വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ടു തന്നെ, വികസനങ്ങളുടെയും നന്മയുടെയും ഗ്രാമദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

തൃശ്ശൂര്
‍ ജില്ലയിലെ അടാട്ട് പഞ്ചായത്തിലെത്തിയ ഞങ്ങളുടെ ഏഴംഗ സംഘത്തിന്, അവിടെ കട നടത്തി വരുന്ന ഔസേപ്പു ചേട്ടന്‍ ഗ്രാമത്തിനെപ്പറ്റിയും.  അവിടെയുള്ള വിലങ്ങന്‍ കുന്നിനെക്കുറിച്ചു വിവരങ്ങള്‍ നല്‍കി.  തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ ഞങ്ങള്‍ക്ക് വളരെ നേരത്തെ കാത്തിരിപ്പിന് ശേഷം പ്രസിഡന്റിനെ കാണാനായി.  ഗ്രീന്‍ കേരള എക്‌സ്പ്രസിനെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം ഞങ്ങളോട് ചോദിച്ചു. പഞ്ചായത്തുകള്‍ ഈ പുതിയ സംരംഭത്തിനെ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നു എന്ന് ബോധ്യമായപ്പോള്‍ ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും, ആത്മാര്‍ത്ഥതയോടെ പഞ്ചായത്തുകളില്‍ ചിത്രീകരണം നടത്തേണ്ടതിനെപ്പറ്റിയും ഞങ്ങള്‍ ചിന്തിച്ചു.

പിന്നീട്
സൈക്കിള്‍ വാങ്ങിക്കാന്‍ തൃശ്ശൂര്‍ പട്ടണം മുഴുവന്‍ കറങ്ങി. ഒടുവില്‍ കൊരട്ടി പഞ്ചായത്തിലേക്ക് പോകും വഴി ചാലക്കുടിയില്‍ നിന്നും സൈക്കിള്‍ വാങ്ങി. കൊരട്ടിയിലെത്താന്‍ ഏകദേശം 5.30 ആയിക്കാണും.  പഞ്ചായത്ത് പ്രസിഡന്റ് മെമ്പര്‍മാര്‍ എന്നിവരടക്കം നാലു പേര്‍ ഞങ്ങള്‍ക്കായി ഏറെ സമയം കാത്തിരുന്നു.  കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അവര്‍ ഞങ്ങളെ താമസം ഒരുക്കിയിരുന്ന റെസ്റ്റ് ഹൗസില്‍ കൊണ്ടു പോയി.  റെസ്റ്റ് ഹൗസിന്റെ വിശാലമായ മുറ്റം, ആങ്കറിനു സൈക്കിള്‍ സവാരി അത്ര പ്രാക്ടീസ് അല്ലാത്തതിനാല്‍ പതിനൊന്നു മണി വരെ അവിടെ പ്രാക്ടീസ് ചെയ്തു.  പിറ്റെ ദിവസം ആറു മണിയ്ക്കു തന്നെ ഷൂട്ടിങ്ങിനിറങ്ങെണമെന്ന ധാരണയില്‍ എല്ലാവരും ഉറങ്ങാന്‍ കിടന്നു.

'കൊരട്ടി പഞ്ചായത്ത് ഷൂട്ടിങ്ങ്'
കൊരട്ടി ജംഗ്ഷനില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഞങ്ങളെ കാത്തുനിന്നിരുന്നു. കൊരട്ടിയിലെ പ്രഭാതം ചിത്രീകരിക്കാന്‍ പോയി.  വിശാലമായ പാടത്ത് ഒരു തുരുത്തു പോലെ തെങ്ങിന്‍ തോപ്പ്, അതിനു മുകളിലൂടെ ഉദിച്ചു വരുന്ന സൂര്യന്‍, വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്.  മാലിന്യസംസ്‌ക്കരണം എന്നതായിരുന്നു കൊരട്ടി പഞ്ചായത്തിന്റെ പ്രധാന വിഷയം.  അതിനാല്‍ തന്നെ  അടുത്ത ഷൂട്ട് മോളി ചേച്ചിയുടെ വീട്ടിലായിരുന്നു.  ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ബയോഗ്യാസ് തുടങ്ങി അനവധി പദ്ധതികള്‍ വീടുകള്‍ തോറും ഈ പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു.  പ്രശസ്ത തിമില വിദ്വാന്‍ ശ്രീ. കുഴൂര്‍ നാരായണ മാരാരുടെയും, പ്രശസ്ത മുടിയേറ്റ് കലാകാരന്‍ ശ്രീ. കിഴക്കേ വാര്യനാട് നാരായണ പണിക്കരും ഈ നാട്ടുകാരാണ്.  ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് അദ്ദേഹം നിര്‍മ്മിച്ച കോട്ടയുടെ ശിഷ്ടഭാഗങ്ങളും ഞങ്ങള്‍ അവിടെ കണ്ടു.

കൊരട്ടി
പള്ളിക്ക് ചരിത്ര പ്രാധാന്യമുള്ള വളരെയേറെ പ്രത്യേകതകളുണ്ട്.  ഭാഗ്യവശാല്‍ അന്നു കൊരട്ടി പള്ളിയിലെ ഒരു പ്രധാന ഉത്സവമായിരുന്നു.  അവിടത്തെ ഇടവകയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ' അമ്പ് വരവ്'എന്ന  ഉത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളും അലങ്കരിച്ചിരിക്കുന്നു.  ജാതി മത ഭേദമന്യേ ഒരു അമ്പുമായി ഓരോ വീടുകളിലും പള്ളിയിലെ അംഗങ്ങള്‍ വരുമത്രെ.  അവസാനം കൊരട്ടി പള്ളിയും ഷൂട്ട് ചെയ്ത് കൊരട്ടിയോട് യാത്ര പറഞ്ഞ് അടാട്ട് പഞ്ചായത്തിലേക്ക്.

അടാട്ട്
ജംഗ്ഷനിലെത്തി പഞ്ചായത്ത് പ്രസിഡന്റിനെ ഫോണില്‍ വിളിച്ചുവെങ്കിലും ഒരു മണിക്കൂറോളം അദ്ദേഹത്തെ ലഭ്യമായില്ല.  താമസിക്കാനുള്ള മുറി സ്വയം കണ്ടെത്താനുള്ള ശ്രമത്തിനിടെ ഐ.ഡി കാര്‍ഡും മറ്റുമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു.  ഒടുവില്‍ പ്രസിഡന്റ് ഫോണ്‍ എടുത്തു.  മീറ്റിംഗിലായിരുന്നതിനാല്‍ ഫോണ്‍ ഓഫാക്കിയതിന് ക്ഷമ ചോദിച്ചു അദ്ദേഹം ഞങ്ങളെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടു പോയി.  എന്തായാലും ഒന്നു വിശ്രമിക്കാനായി ബാഗുമെടുത്ത് ലോഡ്ജില്‍ എത്തി.  ആകെ ഒരു റൂം അടുത്ത റൂമിലുള്ള ആളുകളെ ഞങ്ങള്‍ക്കായി ഒഴിപ്പിച്ചുവെങ്കിലും ഞങ്ങള്‍ക്ക് മൊത്തം മൂന്നു റൂം വേണ്ടതിനാല്‍ അവിടെ നിന്നും അടുത്ത ലോഡ്ജിലേക്ക് പോയി.  പിറ്റെ ദിവസം ഞങ്ങള്‍ക്ക് സ്ഥലങ്ങള്‍ കാണിക്കാനായി ഒരു മെമ്പറെ ചുമതലപ്പെടുത്തിയിട്ടാണ് പ്രസിഡന്റ് പോയത്.

അടാട്ട്
ഷൂട്ടിംഗ്
ഏകദേശം 6.30 ഓടെ ഞങ്ങളിറങ്ങി  അടാട്ട് പഞ്ചായത്തിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു.  ആയതിനാല്‍ തന്നെ ഒരു പിഴവും ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന നിലപാടും ഞങ്ങളെടുത്തു.  വിലങ്ങന്‍ കുന്നില്‍ നിന്നും തുടങ്ങിയ ഞങ്ങളുടെ ഷൂട്ട്, അവരുടെ ഏക്കറു കണക്കിനുള്ള ജൈവകൃഷിയിലൂടെ കടന്ന് നാടന്‍ പാട്ട്, ജൂഡോ തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങള്‍ ഷൂട്ട് ചെയ്ത് ഏകദേശം  6 ഓടെ ആ വിശാലമായ വയലേലകളില്‍ തന്നെ അവസാനിപ്പിച്ചു.  പെരുമാറ്റം കൊണ്ടും സഹകരണം കൊണ്ടും അവിടത്തെ സമ്പത് സമൃദ്ധി കൊണ്ടും ആ പഞ്ചായത്ത് എത്രമാത്രം മികച്ചതാണെന്ന് അന്നാണ് ഞങ്ങള്‍ക്കു ബോധ്യമായത്.  ഇനിയും വരാമെന്ന യാത്രാ മൊഴി വെറും വാക്കായി അവശേഷിക്കാന്‍ പാടില്ല എന്നും ഞങ്ങള്‍ക്ക് തോന്നുന്നു.

ഇന്ന്
തൃശ്ശൂര്‍ വിടണം, നാളെ കോഴിക്കോട്, അതിനാല്‍ തന്നെ ഏകദേശം 7.30 യോടെ ഞങ്ങള്‍ എല്ലാം ശരിയാക്കി അവിടെ നിന്നും യാത്ര തിരിച്ചു.  പാതിയുറക്കത്തില്‍ 12  മണിയോടെ നരിക്കുനിയിലെത്തി.  എല്ലാവരും ഉറങ്ങാനുള്ള ധൃതിയില്‍ റൂമിലേയ്ക്ക് പോയെങ്കിലും കൊതുകിന്റെ ആക്രമണം ഭീകരമായിരുന്നു.  എല്ലാവരും ഉറക്കച്ചടവോടെയാണ് അടുത്ത ദിവസം (25-01-10) ഷൂട്ടിനിറങ്ങിയത്.  ആദ്യ ഷൂട്ട് തുടങ്ങിയത് നാട്യകല്ലില്‍ നിന്ന്.  ഒരു കുന്ന്, അതിനു മുകളില്‍ നിരത്തി വച്ച പോലെ ഒരു വലിയ കല്ല്.  അവിടെയെത്താന്‍ ഞങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ടു ശബരിമല കയറ്റം പോലെ തന്നെ കഠിനമാണ് കാമറയും, ട്രൈപോഡും ചുമന്ന് ആ കുന്നു കയറല്‍ എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.  ഞങ്ങള്‍ക്ക് ഷൂട്ടിംഗിന്റെ ടെന്‍ഷന്‍ പഞ്ചായത്തുകള്‍ക്ക് വണ്ടിയില്‍ ആളെ കയറ്റാനുള്ള ശ്രമവും...ഞങ്ങളുടെ വണ്ടിയില്‍ ഈ പഞ്ചായത്തിലെ 3 സാരഥികള്‍ ഉണ്ടായിരുന്നു.  പോകുന്ന വഴിക്ക് മുഴുവന്‍ വിളിച്ച് ആളെ കൂട്ടുന്ന അതിലെ ഒരു മെമ്പര്‍ ഉസ്മാനേയും കുട്ടപ്പനെയും ഒക്കെ വിളിച്ചു വരുത്തുന്നതു കേട്ട് ഞങ്ങള്‍ ചിരിച്ചു പോയി.  ' സിനിമ പിടിക്കുന്ന മെഷീന്‍ ഒക്കെ വന്നിട്ടുണ്ട്.  വേഗം വാ ' എന്ന് ചെകുത്താനും കടലിനും ഇടയില്‍ പെട്ട സ്ഥിതിയില്‍ ഞങ്ങളുടെ ഷൂട്ടിംഗ് തുടര്‍ന്നു.

സ്
‌ക്കൂള്‍, ആയിരുന്നു അവരുടെ പ്രധാന വിഷയം അതായത് വിദ്യാഭ്യാസം.  കുട്ടികളുടെ ആകാശവാണി, ഒഴിവു സമയങ്ങളിലെ സോപ്പുനിര്‍മ്മാണം, തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ അനവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈ പഞ്ചായത്ത് നല്‍കിയിരുന്നു.  അവസാനം അഹമ്മദു കുട്ടി മാഷിന്റെ ഗ്രാമഫോണും, നരിക്കുനി സോങ്ങും ഷൂട്ട് ചെയ്ത് തീര്‍ന്നത് രാത്രി 7.45 ന് അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്നും യാത്ര പറഞ്ഞു.  പിന്നീട് ചേമഞ്ചേരിക്കടുത്ത് കൊയിലാണ്ടിയില്‍ ഞങ്ങള്‍ നല്ലൊരു ഹോട്ടലില്‍ റൂമെടുത്തു.  അന്നെങ്കിലും സുഖമായൊന്നുറങ്ങണമെന്നുള്ള അത്യാഗ്രഹമായിരുന്നു കാരണം.  എന്തായാലും അന്നു കുശാല്‍, ഭക്ഷണവും താമസവും പഞ്ചായത്ത്  തരപ്പെടുത്തിയായിരുന്നു.

ഇന്ന്
26-01-10 ചേമഞ്ചരി ഷൂട്ടിംഗ് ഞങ്ങള്‍ തുടങ്ങാനിരുന്നത് കാപ്പാട് കടപ്പുറത്തു നിന്നാണ്.  അതിനാല്‍ തന്നെ രാവിലെ എല്ലാവരും വളരെ താത്പര്യപൂര്‍വ്വം ഇറങ്ങി.  നേരെ പഞ്ചായത്ത് ഓഫീസിലേക്ക്, അവിടെ ചെന്ന് പ്രസിഡന്റിന്റെ കൂടെ നേരെ ലൊക്കേഷനിലേക്ക്. പക്ഷെ അപ്പോഴാണ് മനസ്സിലായത് പോകുന്നത് കോരപ്പുഴ പാലം ഷൂട്ട് ചെയ്യാനാണെന്ന് പാലം ഞങ്ങളുടെ പഞ്ചായത്തിലല്ല എങ്കിലും അതിലൂടെയേ ഈ പഞ്ചായത്തിലേക്ക് പ്രവേശിക്കാനാവൂ എന്നാണവരുടെ നിലപാട് വളരെ തിരക്കേറിയ ആ പാലം ഷൂട്ട് ചെയ്യാന്‍ റോഡ് ബ്ലോക്കാക്കാന്‍ വരെ പ്രസിഡന്റ് മുന്‍കൈ എടുത്തു.  പക്ഷെ ഞങ്ങള്‍ റോഡിന്റെ ഒരു സൈഡില്‍ പാലത്തെ ബാക്ക് ഗ്രൗണ്ട് ആക്കിയാണ് ഷൂട്ട് ചെയ്തത്.

പിന്നീട്
നേരെ കാപ്പാട് ബീച്ചിലേക്ക് അവിടെ വാസ്‌കോഡ ഗാമ കപ്പലിറങ്ങി  എന്നു പറയപ്പെടുന്നു.  അതിനെ അനുസ്മരിപ്പിക്കുന്ന  സ്തൂപവും അവിടെയുണ്ട്.  'അഭയം ' എന്ന സ്ഥാപനത്തെക്കുറിച്ച് ചിത്രീകരിക്കാനാണ് ഞങ്ങളെത്തിയത്.  അന്നവിടെ അവധിയായിരുന്നു എങ്കിലും ടീച്ചേര്‍സ് എല്ലാവരും ഉണ്ടായിരുന്നു.  ഞങ്ങള്‍ അവിടെ നിന്നും സ്ത്രീകളുടെ ജിമ്മിലെത്തി.  അവിടെ എല്ലാവരും സാരിയുടുത്ത് നല്ല സുന്ദരികളായി വ്യായാമം ചെയ്യാന്‍ വന്നിരിക്കുന്നു.  വഴിയില്‍ പോയവരെ വ്യായാമത്തിനായി വിളിച്ചു കയറ്റിയ പോലെ തോന്നിയെങ്കിലും കുറച്ചു നേരം അവിടെ ഷൂട്ട് ചെയ്ത ശേഷം അടുത്ത ലൊക്കേഷന്‍ തേടിപ്പോയി.  എല്ലാം കഴിഞ്ഞ് വൈകിട്ട് ചായ കുടിച്ച് ഞങ്ങള്‍ പിരിഞ്ഞു. അവിടെ നിന്നും നേരെ വയനാട്ടിലേക്ക്.

ഇന്ന് 27-1-10 ഷൂട്ട് എടവക. രാവിലെ നേരത്തെ കുളിച്ച് തണുത്തു വിറച്ച് ഞങ്ങളെല്ലാം പുറത്തിറങ്ങി പ്രസിഡന്റിനെ വിളിച്ചപ്പോള്‍ ഇത്ര നേരത്തെയോ? തണുപ്പല്ലേ   എന്ന്.ചോദിച്ചെങ്കിലും ഒരു സ്വെറ്ററും പുതച്ച് അദ്ദേഹമെത്തി.  പിന്നീട് ഞങ്ങള്‍ക്കു വഴി കാണിക്കാന്‍ മറ്റൊരാളെ ഏല്‍പ്പിച്ച് പ്രസിഡന്റ് പോയി.  പൈങ്ങാട്ടിരി അഗ്രഹാരവും, കബനി നദിയുമൊക്കെ ഞങ്ങള്‍ക്ക് വേറിട്ടൊരു കാഴ്ചയായി.  വൈകിട്ട് ഏഴോടെ ഞങ്ങള്‍ റൂമിലെത്തി.  അന്നു വൈകിട്ട് എല്ലാവരും സമാധാനത്തോടെയാണുറങ്ങിയത് നാളെയോടെ ഷൂട്ട് കഴിയുമല്ലോ എന്ന ആശ്വാസത്തില്‍, പക്ഷെ ഞാന്‍ മാത്രം സൈക്കിള്‍ എന്തു ചെയ്യുമെന്നാലോചിച്ച് കുറെ സമയം ടെന്‍ഷന്‍ അടിച്ചിരുന്നു.  നാളെ തൃശ്ശൂരിലെ കോഴിക്കോടോ കൊണ്ടു ചെന്ന് പാഴ്‌സലാക്കി തിരുവനന്തപുരത്തിലേക്ക് അയക്കാമെന്ന ശുഭപ്രതീക്ഷയില്‍ കിടന്നു.

ഇന്ന്
28-1-10 എല്ലാവരും പതിവിലും നേരത്തേ റെഡിയായി വളരെ ഉത്സാഹപൂര്‍വ്വം ഷൂട്ടിങ്ങിനിറങ്ങി.  രാവിലെ ആറരയ്ക്ക് കനത്ത മഞ്ഞിലും ഞങ്ങള്‍ ഉത്സാഹത്തോടെ പോയത് അവിടത്തെ ആദിവാസി കുട്ടികളെ ജീപ്പില്‍ സ്‌ക്കൂളുകളിലേക്ക് കൊണ്ടു വരുന്ന സീന്‍ ഷൂട്ട് ചെയ്യാനായിരുന്നു.  രാവിലെ ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ എല്ലാ കുട്ടികളും റെഡിയായി അവിടവിടായി നില്‍ക്കുന്നുണ്ടായിരുന്നു.  മഞ്ഞിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും, നാടന്‍ വഴിയും ഒക്കെ കൂടി ഒരു വല്ലാത്ത അനുഭവമായിരുന്നു.  വയനാടിന്റെ ഭംഗി നന്നായി ആസ്വദിച്ചതിനുശേഷം ഞങ്ങള്‍ പോയത് ബാണാസുര മലയിലേക്കായിരുന്നു.  ദൂരെ ആ മല കാണാന്‍ മാത്രമേ കഴിഞ്ഞുള്ളു. കയറാനുള്ള സമയമില്ലായിരുന്നു.  എന്തായാലും അവിടത്തെ വെള്ളച്ചാട്ടവും, ഗുഹയുമൊക്കെ നേരിട്ടു തന്നെ കാണാന്‍ കഴിഞ്ഞു.

അവസാനം
ഏകാധ്യാപക വിദ്യാലയത്തിലെത്തി.  അവിടെ എത്തുമ്പോള്‍ ഏകദേശം ഉച്ചയ്ക്ക് ഒരു 2.30 ആയികാണും.  ആ സമയത്ത് കുറച്ചു കുട്ടികള്‍ കയ്യില്‍ ഉടുപ്പും പിടിച്ച് ക്ലാസ്സിലേക്കോടുന്നത് ഞാന്‍ കണ്ടു.ഞാന്‍ ചോദിച്ചു നിങ്ങളെങ്ങോട്ടാ ഈ ഉടുപ്പുമായിട്ടെന്ന്, ഭാഗ്യത്തിന് ആ ആദിവാസി കുട്ടിക്ക് മലയാളമറിയാമായിരുന്നു.  അവള്‍ അപ്പോള്‍ കുളിച്ച് വരികയാണത്രെ.  ആ വിദ്യാലയത്തില്‍ ഒരു 45 കുട്ടികളെങ്കിലുമുണ്ടാകും.  അവര്‍ക്കു പുറമെ ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം 10 കുട്ടികളും.  സിനിമാ ഗാനങ്ങളൊന്നും വ്യക്തമായി പാടാന്‍ അറിയില്ലെങ്കിലും അവരുടെ ഭാഷയിലെ ഏതോ ഒരു പാട്ട് വളരെ നന്നായിത്തന്നെ അവര്‍ പാടി.  നാലു പ്രാവശ്യം അവര്‍ പാടിയിട്ടും അതിലെ ഒരു വാക്കു പോലും എനിക്ക് മനസ്സിലായില്ല.  അവിടുന്നു പിന്നീടുള്ള ചെറിയ ഷൂട്ടിനു ശേഷം ഞങ്ങള്‍ 7.30 യോടു കൂടി വയനാടിനോടു വിടപറഞ്ഞു.  ഏകദേശം 9.40 നു കോഴിക്കോട് തുടര്‍ന്ന് ബസ്സില്‍ തിരുവനന്തപുരത്തേയ്ക്ക് മടക്കയാത്ര.....



Story by Chitra P.S

Team members 

Producer: Haridas
Asst Producer: Chitra P.S 
Anchor: Sheeba
Cameraman: Mukesh
Camera Asst: Vinod & Akhilesh

Categories: