തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണമികവ് അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദൂരദര്‍ശനും ചേര്‍ന്ന് തയ്യാറാക്കുന്ന 'ഗ്രീന്‍ കേരള എക്‌സ്‌പ്രസ്' എന്ന റിയാലിറ്റിഷോയില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന പഞ്ചായത്തിന് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് ധനമന്ത്രി ടി. തോമസ് ഐസക് അറിയിച്ചു. ഗ്രീന്‍ കേരള എക്‌സ്‌പ്രസ് ശില്‌പശാലയില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ധനമന്ത്രി സമ്മാനവിവരം പ്രഖ്യാപിച്ചത്. ജനകീയാസൂത്രണ പദ്ധതിക്ക് ഊര്‍ജം പകരാനും താഴെതട്ടില്‍ നിന്ന് മുകളിലോട്ടുള്ള ആശയവിനിമയം സൃഷ്ടിക്കാനും റിയാലിറ്റിഷോ ഉപകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ശില്‌പശാല ഉദ്‌ഘാടനം ചെയ്‌തു. ചെറിയ സമൂഹങ്ങളുടെ നല്ല ചെയ്‌തികള്‍ വലിയൊരു തലത്തിലേയ്‌ക്ക് എത്തിയ്‌ക്കാന്‍ റിയാലിറ്റി ഷോയ്‌ക്ക് കഴിയുമെന്ന് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
ഗ്രീന്‍കേരള എക്‌സ്‌പ്രസ്സിന്റെ സമ്പൂര്‍ണ വിവരങ്ങളും മത്സരഅറിയിപ്പുകളും പഞ്ചായത്തുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ വെബ്‌സൈറ്റ് (http://www.greenkeralaexpress.org/) പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു.
ദൂരദര്‍ശന്‍ കേന്ദ്രം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ടി. ചാമിയാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടറും റിയാലിറ്റിഷോയുടെ സംവിധായകനുമായ ജി. സാജന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍വര്‍മ്മ, കുട്ടി അഹമ്മദ് കുട്ടി എം. എല്‍. എ. തുടങ്ങിയവര്‍ സംസാരിച്ചു.