അറിയാത്ത മഹാസാഗരങ്ങള്‍ തേടിയുള്ള യാത്രയല്ല ഗ്രീന്‍ കേരള എക്സ്പ്രസ്, മറിച്ച് നമ്മള്‍ അറിയുന്ന കേരളത്തിന്റെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ചികഞ്ഞെടുത്ത് അവ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ്. വികസനത്തിന്റെ സജ്ജമായ മാതൃകകളുമായി 150-ഓളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്നു.
നമുക്ക് ചുറ്റും എന്നും കാണുന്നതും എന്നാല്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ വസ്തുതകള്‍ അന്വേഷിക്കുന്ന ഈ പരിപാടിയെപ്പറ്റി വിധികര്‍ത്താക്കളുടെ വാക്കുകളിലൂടെ...

ഡോ. കെ.പി കണ്ണന്‍ 
മുന്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ്
'അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും അവയെക്കുറിച്ച് പഠിക്കുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അവയിലൂടെ ഒട്ടേറെ കാര്യങ്ങള്‍ അടുത്തറിയാനും അനുഭവിച്ചറിയാനും സാധിച്ചു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഇന്ന് ലോകം മുഴുവന്‍ കാണിക്കുവാനുള്ള അവസരമായിട്ടാണ് ഗ്രീന്‍ കേരള എക്സ്പ്രസിനെ ഞാന്‍ വീക്ഷിക്കുന്നത്'


ഡോ. വിനീത മേനോന്‍
പ്രൊഫസര്‍, ഹെഡ് ഒഫ് ദ ഡിപ്പാര്‍ട്ട്മെന്റ് 
ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ആന്ത്രപ്പോളജി, കണ്ണൂര്‍ യൂണിവേഴ്സിറ്റി
'വികസനത്തില്‍ സാമ്പത്തികമായിട്ടുള്ള കാര്യങ്ങളെ മാത്രം കാണാതെ സാമൂഹികവും ശാസ്ത്രപരവുമായ കാര്യങ്ങളെയും പരിഗണിക്കണമെന്ന് ഞാന്‍ കരുതുന്നു. പഞ്ചായത്തുകള്‍ അവയില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയാനുള്ള ആഗ്രഹമാണ് എന്നെ ഈ വേദിയിലെത്തിച്ചത്'.

ഡോ .ആര്‍.വി.ജി മേനോന്‍
സാങ്കേതിക വിദഗ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍
'ഇന്ന് നാം മാധ്യമങ്ങളിലൂടെ അറിയുന്നത് നമുക്കു ചുറ്റും നടക്കുന്ന അപകടങ്ങളെയും തകരാറുകളെയുംപ്പറ്റിയാണ്. നല്ല പരീക്ഷണങ്ങളും മുന്നേറ്റങ്ങളും നമ്മുടെ പഞ്ചായത്തുകളില്‍ നടക്കുന്നുണ്ട്. അവരുടെ വികസനപരമായ മുന്നേറ്റങ്ങളും പരീക്ഷണങ്ങളും ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നു എന്നതാണ് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ പ്രത്യേകത'.

ആര്‍. ഹേലി
കൃഷി ശാസ്ത്രജ്ഞന്‍
'മുകള്‍ത്തട്ടിലുള്ള ആസൂത്രണം താഴേക്ക് വരുമ്പോള്‍ അതില്‍ പ്രായോഗികതയുടെ അംശം വളരെ കുറവായി തീരുന്നുവെന്നും അത് മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും ഒരു വാദമുണ്ട്. അതിനുള്ള ഉത്തരമായിട്ടാണ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നത്. അതില്‍ എറ്റവും ഉജ്ജ്വലമായ മാതൃകകളാണ് കേരള പഞ്ചായത്തുകളില്‍ നടക്കുന്നത്. നവോത്ഥാനമായ അത്തരം മാറ്റങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് ഗ്രീന്‍ കേരള എക്സ്പ്രസിലൂടെ സാദ്ധ്യമാകുന്നത്'. 

പദ്മപ്രിയ ജാനകിരാമന്‍
നടി
'പഞ്ചായത്തിരാജിനെ പഠനവിഷയമായി പഠിച്ചതും അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്‍പര്യവുമായാണ് ഞാല്‍ ഗ്രീന്‍ കേരള എക്സ്പ്രസില്‍ വിധികര്‍ത്താവായി വന്നിരിക്കുന്നത്'.  

Categories: