എനക്ക് കോഴി വേണം, പശുവും ആടും വേണം....!! പട്ടികവര്‍ഗ്ഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനം മുഖ്യ വികസന പദ്ധതിയായി ചൂണ്ടിക്കാട്ടിയ പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം പഞ്ചായത്തിലെ അയ്യപ്പന്റെ ആവശ്യങ്ങളാണ് ഇതെല്ലാം. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുകയും വനജീവിതത്തെ ആശ്രയിക്കുകയും ചെയ്തിരുന്ന ആദിവാസികളില്‍ പ്രകടമായ മാറ്റം വരുത്താന്‍ പുതുപ്പരിയാരം പഞ്ചായത്തിന് കഴിഞ്ഞു എന്നതിനുള്ള ശക്തമായ തെളിവായിരുന്നു ഗ്രീന്‍ കേരള എക്സ്പ്രസിന്റെ രണ്ടാംഘട്ട ഫ്ളോര്‍ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന അയ്യപ്പന്‍. ജൂറി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് നാടന്‍ ശൈലിയില്‍ മറുപടി നല്‍കിയ അയ്യപ്പന്‍ ചിത്രീകരണവേദിയിലെ ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറുകയായിരുന്നു.

അയ്യപ്പനെയും കൂട്ടരെയും പഞ്ചായത്ത് അധികാരികള്‍ സഹായിച്ചില്ലേ, ഇനി എന്താണ് വേണ്ടത് എന്ന ആര്‍.വി.ജി മേനോന്‍ സാറിന്റെ ചോദ്യത്തിന് മുന്നില്‍ ഒട്ടും കൂസാതെ അയ്യപ്പന്‍ മറുപടി പറഞ്ഞു, 'എനക്ക് ജീവിക്കണം, എന്നക്ക് അതിന് കോഴി വേണം, പശുവും ആടും വേണം, പിന്നെ... വെള്ളം വേണം'. പഞ്ചായത്തിലെ മിടുക്കനായി പഠിക്കുന്ന കുട്ടി ആരാണ് എന്ന ചോദ്യത്തിന് എന്റെ മകന്റെ കുട്ടിയാണ് നല്ലോണം പഠിക്കണേ എന്നായിരുന്നു അയ്യപ്പന്റെ ഉത്തരം.

മലയ്ക്ക് പോവുകയും, പഴങ്ങള്‍ ഭക്ഷിക്കുകയും തേന്‍ ശേഖരിച്ചു വില്‍ക്കുകയും ചെയ്തിരുന്ന അയ്യപ്പനില്‍ ഒട്ടേറെ പുരോഗമനപരമായ മാറ്റങ്ങള്‍ ഇന്നുണ്ട്. ഗ്രീന്‍ കേരള എക്സ്പ്രസില്‍ പങ്കെടുക്കുവാന്‍ അയ്യപ്പന്‍ കാണിച്ച താല്‍പര്യത്തിന് പ്രത്യേക സമ്മാനവും ലഭിക്കുകയുണ്ടായി. ഷൂട്ടിംഗിന് ശേഷം സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ മറ്റ് പഞ്ചായത്തുകാരും അയ്യപ്പനെ അനുമോദിക്കാനെത്തി. അവരുടെ കുശലാന്വേഷണങ്ങള്‍ക്കുള്ള അയ്യപ്പന്റെ മറുപടി കളങ്കമില്ലാത്ത ചിരിയായിരുന്നു...

അജിത്ത് അരവിന്ദന്‍

Categories: