ഗ്രീന്‍ കേരള എക്സ്പ്രസ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യയാത്ര വയനാട് ജില്ലയിലെ പൂതാടി, പാലക്കാട് ജില്ലയിലെ കോങ്ങാട്, പുതുപരിയാരം, കോട്ടായി, അകത്തേത്തറ എന്നീ പഞ്ചായത്തുകളിലേക്കായിരുന്നു. ഗ്രീന്‍ കേരള എക്സ്പ്രസ് ഗ്രാമങ്ങളിലൊക്കെ സംസാരവിഷയമായി മാറിക്കഴിഞ്ഞ വേളയിലുള്ള ഈ യാത്രയില്‍ എല്ലായിടത്തും നിന്നും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണം ലഭിച്ചു.
നീര്‍ത്തട സംരക്ഷണമാണ് പൂതാടിയിലെ പ്രധാന പദ്ധതി. വളരെ രസകരമായിട്ടുള്ള അന്തരീക്ഷത്തിലായിരുന്നു അവിടത്തെ ചിത്രീകരണം. കാട്ടാനകളുടെ ശല്ല്യം ദുസ്സഹമായപ്പോള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ആനട്രഞ്ച് പണിഞ്ഞതും, വനത്തിനുള്ളില്‍ ബണ്ട് നിര്‍മ്മിച്ച് നീര്‍ത്തടം സംരക്ഷിക്കുന്നതും കാണാന്‍ സാധിച്ചു. വനത്തിനുള്ളില്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കാതെ ഒരുക്കിയ ബണ്ടിലൂടെ ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചിരിക്കുന്നതായും മനസിലാക്കി. പൂതം ആടിയ പാടിയാണ് പൂതാടിയായി മാറിയതെന്ന കഥയും ഇന്നാട്ടില്‍ പ്രചാരത്തിലുണ്ട്.
പ്രകൃതി രമണീയ പ്രദേശമായ പുതുപരിയാരത്ത് ആദിവാസി സംരക്ഷണവും വികസനവുമാണ് പ്രധാന പദ്ധതിയായി ചൂണ്ടിക്കാട്ടുന്നത്. ഭവന നിര്‍മ്മാണം, അട്, പശു, കോഴി എന്നിവയെ വാങ്ങാനും വളര്‍ത്താനും പഞ്ചായത്തിന്റെ സഹായസഹകരണങ്ങള്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നുണ്ട്. മൂന്നു വയസ്സുള്ള ഒരു കാന്താരി മുറുക്കാനും ചവച്ച് ഞങ്ങളുടെ മുന്നില്‍ വന്നതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ കുട്ടി പയ്യന്മാര്‍ ചീട്ടു കളിക്കുന്നതും കാണേണ്ടി വന്നു.
കൂട്ടത്തില്‍ രണ്ടു വീരന്മാരോട് സ്കൂളില്‍ പോകാനില്ലേ എന്ന് വിരട്ടിയപ്പോള്‍ ചില്ലറ കള്ള നമ്പറുകളും കേള്‍ക്കാനായി... 'കാട്ടിലൂടെയാ സ്കൂളില്‍ പോകേണ്ടത്, ആനയും പുലിയുമൊക്കെ ഉണ്ടാവും, നടന്നു പോയാല്‍ അവയുടെ വയറ്റിലാകും'!!! ആ ചട്ടമ്പികളോട് നാടന്‍ പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോള്‍ കൂറേ നേരം നാണം കുണുങ്ങി നിന്ന ഒരുവന്‍ ഒരു ഉഗ്രന്‍ പാട്ട് തന്നെ പാടി.... ഞാന്‍ അടിച്ചാല്‍ താങ്കമാട്ടേന്‍... വേട്ടൈക്കാരന്‍ സിനിമയിലെ ആ 'നാടന്‍ പാട്ട്' മൂളിക്കൊണ്ട് ഞങ്ങളും യാത്ര തിരിച്ചു.
കോങ്ങാട് പഞ്ചായത്തിന്റെ പ്രധാന പദ്ധതി ഖരമാലിന്യ സംസ്കരണമാണ്. തിരക്കേറിയ പ്രദേശങ്ങള്‍ ഒട്ടേറെയുള്ള കോങ്ങാടിന്റെ പ്രധാന പ്രശ്നമായ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് ജൈവ വളമാക്കുന്ന ഖരമാലിന്യ സംസ്കരണ കേന്ദ്രത്തില്‍ 25-ഓളം സ്ത്രീകല്‍ ജോലി ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണവും ഭംഗിയായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായകമായി.
കോട്ടായി പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സമഗ്ര കൊണ്ടാട്ടം നിര്‍മ്മാണ യൂണിറ്റുകളാണ്. അവ ചിത്രീകരിിക്കുന്നതോടൊപ്പം കൊണ്ടാട്ടത്തിന്റെ സ്വാദ് രുചിക്കാനും കഴിഞ്ഞു.
വനവത്ക്കരണവും നീര്‍ത്തട സംരക്ഷണവും മുഖ്യ പദ്ധതിയായി വിവരിക്കുന്ന അകത്തേത്തറയിലെ ചിത്രീകരണം ഗ്രാമഭംഗിയും ഗ്രാമീണരുടെ വിശാലതയും ചോര്‍ന്നപ്പോള്‍ സുഗമമായി പൂര്‍ത്തിയാക്കാനായി. പഞ്ചായത്ത് റോഡിന്റെ ഇരുവശവും മരം നട്ടു സംരക്ഷിക്കുന്നത് കാമറയില്‍ പകര്‍ത്തിയ ഞങ്ങള്‍ക്ക് സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കി വച്ചിരുന്ന കല്‍പ്പാത്തി പുഴയുടെ തീരപ്രദേശങ്ങള്‍ പഞ്ചായത്ത് തിരിച്ചു പിടിച്ച് സംരക്ഷിക്കുന്നതും കാണാനായി.
പാലക്കാടന്‍ ഗ്രാമഭംഗി ആവോളം നുകര്‍ന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ മൂന്നാമത്തെ യാത അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടക്കയാത്ര ആരംഭിച്ചപ്പോള്‍ മനസില്‍ കുളിര്‍മ്മ മാത്രം.
അജിത് അരവിന്ദന്‍