ആദ്യത്തെ ഷൂട്ടിംഗ് അനുഭവങ്ങളുടെയും ഗ്രീന്‍ കേരള എക്സ്പ്രസിനെപ്പറ്റിയുള്ള കൂടുതല്‍ അറിവുകളുടെയും അകന്പടിയോടെയുമായിരുന്നു പഞ്ചായത്തുകളിലേക്കുള്ള ഞങ്ങളുടെ രണ്ടാംഘട്ട യാത്ര. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, ഏലൂര്‍, മരട് എന്നീ പഞ്ചായത്തുകളും തൃശ്ശൂര്‍ ജില്ലയിലെ കൈപ്പറന്പ് പഞ്ചായത്തും ഉള്പ്പെട്ട ഷൂട്ടിംഗ് പ്രദേശങ്ങളിലേക്കായി ഫെബ്രുവരി 8~ാം തീയതി ഞങ്ങള്‍ യാത്ര തിരിച്ചു. ഉറങ്ങിയും മുക്കിയും മൂളിയും ടെന്പോ ട്രാവലര്‍ സാരഥി ഞങ്ങളെ രാത്രി രണ്ടരയോടെ എറണാകുളത്ത് എത്തിച്ചു.
പാലാരിവട്ടത്ത് അസിസ്റ്റന്റ് കാമറമാനേയും അവതാരകയേയും കാത്തു നിന്ന ഞങ്ങള്ക്ക് അവിടത്തെ ശക്തരായ കൊതുകിന്റെ സാന്നിദ്ധ്യം മനസിലാക്കാന്‍ അധികനേരം വേണ്ടി വന്നില്ല. രാവിലെ അഞ്ചു മണിക്ക് കൂത്താട്ടുകുളത്ത് എത്തിയ ഞങ്ങള്‍ ഒരു മണിക്കൂര്‍ വിശ്രമത്തിന് ശേഷം ലൊക്കേഷനിലേക്ക് തിരിച്ചു.
അര്‍ജ്ജുനന്‍ മലയിലെ ശിവഭഗവാന്‍ ക്ഷേത്രം ചിത്രീകരിച്ചു കൊണ്ടായിരുന്നു ഞങ്ങള്‍ ഷൂട്ടിംഗ് ആരംഭിച്ചത്. കിരാത ഭാവത്തിലുള്ള ശിവപാര്വതിയാണ് ഇവിടത്തെ പ്രത്യേകത. ശുദ്ധമായ ചന്ദനം കലര്ന്ന വെള്ളം ഊറി വരുന്ന ചന്ദക്കുളമായിരുന്നു അവിടത്തെ മറ്റൊരു പ്രത്യേകത. രാവിലെ കട്ടിയായ ചന്ദനം ലഭിക്കുമെന്നും സമീപവാസികള്‍ പറയുന്നു. അതിന് ശേഷം പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ കുടുംബശ്രീ യൂണിറ്റുകളുടെ വാഴക്കൃഷി, വസ്ത്രം ഇസ്തിരിയിടുന്ന കേന്ദ്രം എന്നിവ ചിത്രീകരിച്ചു. സ്ത്രീകളുടെ ശിങ്കാരിമേളം കാമറയില്‍ പകര്‍ത്താനായിരുന്നു അടുത്ത ശ്രമം. വനദുര്ഗ്ഗയെ ആരാധിച്ചുപോരുന്ന കിഴകുന്പ് കാവായിരുന്നു രസകരമായ മറ്റൊന്ന്. മേല്‍ക്കൂരയില്ലാത്ത ഈ കാവ് വ്യത്യസ്തങ്ങളായ വന്‍ വൃക്ഷങ്ങളും സസ്യലതാദികളും തിങ്ങിനിറഞ്ഞവയാണ്.
അടുത്ത ദിവസം കൈപ്പറന്പിലെത്തിയ ഞങ്ങള്‍ അവരുടെ പ്രധാന കായിക പദ്ധതികള്‍ കാമറയില്‍ പകര്‍ത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കുന്ന നീന്തല്‍ക്കുളം ചിത്രീകരിക്കുന്നതിനിടെ അതിനെപ്പറ്റി വിശദീകരിക്കാനെത്തിയ ആളുടെ കമന്റ് കേള്‍ക്കാനിടയായി. ലേപ്പല്‍ മൈക്ക് ഓണ്‍ ആണെന്നറിയാതെ പുള്ളിക്കാരന്‍ ഇങ്ങനെ പറഞ്ഞു~ വല്ല സ്വകാര്യ ചാനലുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഷൂട്ടിംഗും കഴിഞ്ഞ് പൊടിയും തട്ടി പോയേനെ, ദൂരദര്‍ശന്‍ ടീമല്ലേ അതാ ഈ താമസം'!!
1996ല്‍ ആരംഭിച്ച ഫുട്ബോള്‍,വോളിബോള്‍ പരിശീലന കേന്ദ്രങ്ങള്‍ ചിത്രീകരിച്ചു. നിരവധി പ്രതിഭകളെ കായിക കേരളത്തിന് സമ്മാനിച്ചിട്ടുള്ള ഈ കേന്ദ്രത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പരിശീലനം തേടിയെത്തുന്നുണ്ട്. അന്പെയ്ത്ത് പരിശീലനവും പ്രദേശത്ത് നടക്കുന്നുണ്ട്.
വൈരക്കല്ല് മിനുക്കുന്നതിനായുള്ള ചെറുകിട കുടില്‍ വ്യവസായങ്ങള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു. വൈരക്കല്ല് ഉരച്ച് മിനുക്കി മുംബയിലെ ഡയമന്റ് സ്ട്രീറ്റിലേക്ക് കയറ്റി അയയ്ക്കും. സ്ത്രീകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ സ്വര്ണ്ണപ്പണ്ണിക്കാരുടെ വീടിനു ചുറ്റുമുള്ള മേല്‍ മണ്ണ് വാങ്ങി അതിനെ അരിച്ച് പാറ്റി സ്വര്ണ്ണം ശേഖരിക്കുന്ന തമിഴ്നാട്ടുകാരും ഇവിടെയുണ്ട്.
മയിലുകള്‍ പാടങ്ങളില്‍ പറന്നിറങ്ങുന്ന രസകരമായ കാഴ്ച്ചകളും കണ്ട് ഞങ്ങള്‍ ഏലൂരിലേക്ക് യാത്ര തിരിച്ചു. ഊര്ജ്ജ സംരക്ഷണം പ്രധാന വിഷയമായി എടുത്തു കാട്ടുന്ന പഞ്ചായത്തിലെ മിക്ക വീടുകളിലും ബള്ബിന് പകരം സി.എഫ്.എല്‍ ആണ് ഉപയോഗിക്കുന്നത്. 16 കൊല്ലമായി പഞ്ചായത്തിനെ നയിക്കുന്ന പ്രസിഡന്റ് സി.പി ഉഷയുടെ സഹകരണത്തിനുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
വാഹനത്തിന്റെ സാരഥി അന്ന് രാത്രി ഞങ്ങളെ ഉപേക്ഷിച്ച് പോയി. തുടര്ന്ന് പുതിയ വാഹനം സംഘടിപ്പിച്ച് മരടിലെത്തിയപ്പോള്‍ വൈകിയതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ പരിഭവം കേള്ക്കേണ്ടി വന്നു. ഗതാഗത സംവിധാനം പ്രധാന പദ്ധതിയായി വിവരിക്കുന്ന പഞ്ചായത്തിന്റെ കുടുംബശ്രീ ബസ് അശ്വമേധവും' സ്ത്രീകളുടെ ഓട്ടോറിക്ഷയും ചിത്രീകരിച്ച് കണ്ടല്ക്കാടിന്റെ മനോഹാരിതയിലേക്ക് തിരിഞ്ഞു. പ്രസിദ്ധമായ മരട് വെടിക്കെട്ട് നടക്കുന്ന ക്ഷേത്രവും കാമറയില്‍ പതിപ്പിച്ച് മടക്കയാത്ര ആരംഭിച്ചു.
നീലിമ രവീന്ദ്രനാZ®