ഗ്രീന്‍ കേരള എക്സ്പ്രസ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയതിനാല്‍ പഞ്ചായത്തുകളില്‍ നിന്നും ഞങ്ങളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റമുണ്ടായിരുന്നു. തങ്ങള്‍ സി-ഡിറ്റില്‍ നല്‍കിയ വീഡിയോയുടെ സത്യാവസ്ഥ പരീക്ഷിക്കാനെത്തുന്നവര്‍ എന്ന കാഴ്ച്ചപ്പാടില്‍ നിന്നും തങ്ങളെ വ്യത്യസ്തമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നവരാണെന്ന തരത്തിലുള്ള പെരുമാറ്റം ഷൂട്ടിംഗിനെ വളരെയേറെ സഹായിച്ചു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍ എറണാകുളം ജില്ലയിലെ പാമ്പാകുട, കാഞ്ഞൂര്‍ ആലപ്പുഴ ജില്ലയിലെ വെളിയനാട് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. 28-ാം തീയതി കാഞ്ഞിരപ്പള്ളിയിലെത്തി അവരുടെ പ്രധാന പദ്ധതിയായ ജലവിതരണ പദ്ധതി ചിത്രീകരിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാനായി പഞ്ചായത്തിന് ഒന്‍പത് പ്രോജക്ടുണ്ട്. 15 കിലോമീറ്ററോളം നടന്ന് വെള്ളം ശേഖരിക്കേണ്ട അവസ്ഥയില്‍ നിന്നും വീടുകളില്‍ കിണര്‍ കുഴിച്ച് വെള്ളം ലഭ്യമാക്കി.

ലക്ഷം വീട് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 21 കുടുംബങ്ങല്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളും മലയോരപ്രദേശമായ കാഞ്ഞിരപ്പള്ളിയിലെ മുഖ്യമായ റബ്ബര്‍ കൃഷിയും മറ്റും കാമറയില്‍ പകര്‍ത്താനും കഴിഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന ഈ പഞ്ചായത്തിന്റെ ദൃശ്യഭംഗി ആവോളം ആസ്വദിച്ച ശേഷം ഞങ്ങല്‍ യാത്ര തിരിച്ചു.

പ്രകൃതി രമണീയമായ വാഗമണ്‍ കോലാഹലമേട് എന്നീ പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന കൂട്ടിക്കല്‍ പഞ്ചായത്ത് ഒട്ടേറെ സിനിമകളള്‍ക്ക് ലൊക്കേഷനായിട്ടുണ്ട്. പൈന്‍ മരത്തോട്ടങ്ങളാണ് ഇവിടത്തെ മറ്റ് പ്രത്യേകത. 400 ഹെകടറോളം വനവും പുല്‍മേടുകളുമെല്ലാം നിറഞ്ഞ ഇവിടത്തെ പ്രധാന പദ്ധതി നീരുറവകളാണ്. ഉണങ്ങിയ പുല്ലുകള്‍ ആവോളം ഉള്ള പ്രദേശത്ത് കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത് സര്‍വ്വ സാധാരണമാണ്. അത് തടയാന്‍ ചില പ്രദേശങ്ങള്‍ വെറും തറയാക്കുന്ന ഫയര്‍ ബെല്‍റ്റും, ബണ്ട് കെട്ടി മഴവെള്ളം മഴക്കുഴികളില്‍ സംഭരിക്കുന്ന രീതിയും കാണാന്‍ കഴിഞ്ഞു. പച്ചക്കറി കൃഷി, തേനീച്ച കൃഷി, പൂവ് കൃഷി, കൂണ്‍ കൃഷി, മത്സ്യ കൃഷി എന്നിവയും ഇവിടെ സജീവമാണ്.

ജനിച്ചിട്ട് ഇന്ന് വരെയും കാല്‍നടയായി മാത്രം യാത്ര ചെയ്തിട്ടുള്ള സ്ത്രീയെ പരിചയപ്പെട്ടതും മറക്കാനാവാത്ത അനുഭവമായി. ഇവര്‍ക്ക് ഇപ്പോള്‍ 68 വയസ്സുണ്ട്.

ഭവന നിര്‍മ്മാണം പ്രധാന പദ്ധതിയായിട്ടുള്ള പാമ്പാകുടയില്‍ ലക്ഷം വീട്, ആശ്രയ, ഇ.എം.എസ് എന്നീ പദ്ധതികളിലൂടെ 400 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. 2010 സെപ്തംബറോടെ പഞ്ചായത്തിലെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പഞ്ചായത്തിലെ ചിത്രീകരണത്തിന് ശേഷം കാഞ്ഞൂരിലേക്ക്.

മുന്നൂ വശവും പെരിയാറിനാല്‍ ചുറ്റപ്പെട്ട കാഞ്ഞൂരിലെ പ്രധാന പദ്ധതി തരിശു നിലങ്ങള്‍ വീണ്ടെടുത്ത് കൃഷി നടത്തുന്നതാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വളരെയടുത്തുള്ള ഈ പഞ്ചായത്ത് പ്രകൃതി മനോഹരമാണ്. 300 ഹെക്ടര്‍ തരിശൂ നിലത്തില്‍ 65 ഹെക്ടര്‍ കൃഷിയോഗ്യമാക്കി, ഏത്തവാഴകൃഷി ചെയ്യുന്നതും 110 ആളുകള്‍ പണിയെടുക്കുന്ന രണ്ട് വലിയ പരമ്പ് നെയ്ത്ത് യൂണിറ്റുകളും ചിത്രീകരിച്ചു. ശക്തന്‍ തമ്പുരാന്റെ വേനല്‍ക്കാല വസതി ആയുര്‍വേദ ആശുപത്രിയാക്കി മാറ്റി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. സെബസ്റ്റ്യാനസിന്റെ അത്ഭുതങ്ങല്‍ നടന്ന ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള പള്ളിയാണ് കാഞ്ഞൂരിലെ മറ്റൊരു പ്രത്യേകത.

ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിലെ പ്രധാന പദ്ധതിയായ തരിശു നിലങ്ങള്‍ വീണ്ടെടുത്ത് കൃഷി നടത്തുന്ന പദ്ധതി ചിത്രീകരിച്ചു. 100 ഹെക്ടര്‍ സ്ഥലം ഇത്തരത്തില്‍ മാറ്റിയെടുത്തിട്ടുണ്ട്. ശേഷം മടക്കയാത്ര. 

അഭിലാഷ്  

Categories: