രാവിലെ 7 മണിക്ക് പുറപ്പെട്ടു, വട്ടിയൂര്ക്കാവ് പഞ്ചായത്ത് ലക്ഷ്യമാക്കി.
അധികം മുന്നോട്ട് നീങ്ങേണ്ടി വന്നില്ല,ഒരു വിളി കേട്ടു. മറ്റൊന്നുമല്ല അത് വിശപ്പിന്റെ വിളിയായിരുന്നു. ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി. ഞങ്ങളെല്ലാവരും ഹോട്ടലിലേയ്ക്ക്. ഭക്ഷണത്തിനുശേഷം വീണ്ടും വണ്ടിയിലേക്ക്. അധികം വൈകാതെ ഞങ്ങള്‍ പഞ്ചായത്ത് ഓഫീസിലെത്തി. വിളിച്ചു പറഞ്ഞതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കാത്തുനില്പുണ്ടായിരുന്നു.
പഞ്ചായത്തിന്റെ പ്രധാന പദ്ധതിയായ “ക്യൂബ മോഡല്‍ ഹോസ്പിറ്റല്‍” വക ക്യാംപ് നടക്കുകയായിരുന്നു. ശ്രീരാമകൃഷ്ണമിഷന്‍ സ്‌കൂളില്‍. ഞങ്ങള്‍ അവിടെ എത്തി. രോഗികളും, ഡോക്ടര്‍മാരും, നഴ്സുമാരും നിറഞ്ഞ ബഹളകരമായ അന്തരീക്ഷത്തില്‍ ഞങ്ങള്‍ ഷൂട്ട് ആരംഭിച്ചു. രോഗത്തിന്റെ അവശതയിലും രോഗികള്‍ ഞങ്ങളോട് നല്ലരീതിയില്‍ സഹകരിച്ചു. കാരണം അവരെല്ലാവരും ചികിത്സയില്‍ തൃപ്തരായിരുന്നു.
രോഗികളേക്കാളും ആവേശത്തിലായിരുന്നു സിസ്റ്റര്മാരും ആശാപ്രവര്‍ത്തകരും Background lively ആകാന്‍ വേണ്ടിയിട്ട് നടക്കാന്‍ വയ്യാത്ത രോഗികളേയും കൊണ്ട് കൈയ്യില്‍ പേപ്പറുമായി പൊരി വെയിലിലൂടെ അവര്‍ ഓടി നടന്നു. സിനിമയില്‍ അഭിനയിച്ച ആത്മസംതൃപ്തിയോടെ………
ഊണിനുശേഷം നേരെ ശ്രീരാമകൃഷ്ണപരമഹംസരുടെ ആശ്രമത്തിലേയ്ക്ക്. വട്ടിയൂക്കാവിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരു കുന്നിനു മുകളിലായിരുന്നു ആ മനോഹരമായ ആശ്രമം. അതിന്റെ നിര്‍മ്മാണ സമയത്ത് ആ തൂണുകളോരോന്നും അഞ്ചു കി.മീറ്റര്‍ അപ്പുറത്തുനിന്നും ആനകള്‍ വലിച്ചുകൊണ്ട് വന്നവയായിരുന്നു. ഷൂട്ടിനുശേഷം സ്വാമി ഞങ്ങള്ക്ക് ഓരോ മിഠായി വീതം തന്നു. എന്നാല്‍ ഞങ്ങളുടെ മിഠായി കഴിക്കുന്നതിലുളള ആത്മാര്ത്ഥത കാരണം അകത്തു കൊണ്ട് വച്ച മിഠായിപൊതി തിരികെ കൊണ്ട് വന്ന് വീണ്ടും ഓരോന്നു വീതം ഞങ്ങള്‍ക്ക് തന്നു. ഞങ്ങള്‍ സംതൃപ്തരായി. മിഠായി അധികം ഇല്ലാത്തതിനാല്‍ സ്വാമി ഉടന്‍ തന്നെ ഞങ്ങളെ യാത്രയാക്കി.
തുടര്ന്നുളള ഞങ്ങളുടെ യാത്രയ്ക്ക് പ്രസിഡന്റ് ഒരു വലിയ സഹായം ചെയ്തു. ഒരു മെമ്പറിനെ കൂടി ഒപ്പം വട്ടു, വഴി കണ്ടുപിടിക്കാന്‍. കുറ്റം പറയരുതല്ലോ. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം വഴി കണ്ടുപിടിക്കുക യായിരുന്നു. കാരണം ആ പഞ്ചായത്തിലെ ഒരു വഴിയും അദ്ദേഹത്തിന് കണ്ടു (കേട്ടു) പരിചയം ഇല്ലായിരുന്നു.
പഞ്ചായത്തിന്റെ കുടിവെളള പദ്ധതിയിലുളള വാട്ടര്‍ടാങ്ക് “കണ്ടുപിടിക്കുക” ആയി അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. അതിനായി ഞങ്ങളുടെ വണ്ടി പല കുന്നിന്മുകളും കയറി ഇറങ്ങി. വീഴാലാന്റിലെ പല റൈഡുകളേയും ഓര്‍മക്കമിപ്പിക്കുന്നതായിരുന്നു ആ യാത്ര. സ്വന്തം പഞ്ചായത്തിലെ പല പുതിയ വഴികളും കണ്ടെത്തിയപ്പോള്‍, കൊളംബസ് അമേരിക്ക കണ്ടുപിടിച്ച സന്തോഷമായിരുന്നു മെമ്പറിന്റെ മുഖത്ത്. ആ നിഷ്‌കളങ്കത കണ്ട് ഞങ്ങളും സന്തോഷിച്ചു.
ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ ഞങ്ങളാ ജലസ്രോതസ്സിനു മുന്‍പിലെത്തി. ഒരു നിമിഷം സഹാറാ മരുഭൂമി ഓര്ത്തുപോയി. അത്രയ്ക്ക് കഠിനമായിരുന്നു അവിടുത്തെ ചൂട്. നിലം തൊടാതെ പറന്ന് ഷൂട്ട് ചെയ്തു. ഷൂട്ട് കഴിഞ്ഞതും ജീവനും കൊണ്ടോടി ഞങ്ങള്‍ വണ്ടിയില്‍ കയറി. പോകുമ്പോള്‍ ഒരു കാര്യം അവിടെ ഉപേക്ഷിക്കാനും മറന്നില്ല. വേറൊന്നുമല്ല. അത് പഞ്ചായത്ത് മെമ്പറിനെ ആയിരുന്നു.
അങ്ങനെ മെമ്പറിനെ കൂടാതെ ഞങ്ങളുടെ വണ്ടി അടുത്ത ലക്ഷ്യത്തിലേയ്ക്ക്. കുടുംബശ്രീ പ്രവര്‍ത്തകരുടെ സംരംഭമായ ഫ്‌ളവര്‍മില്ലിലേയ്ക്കാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. Script ന്റെ ആവശ്യം വേണ്ടി വരാഞ്ഞത് അവിടെ മാത്രമായിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മില്ലാണ് അതെന്ന് ആങ്കറിനു പറയേണ്ടിവന്നില്ല. കാരണം അവിടെ “മുളക് പൊടിച്ചു” കൊണ്ടിരിക്കുകയായിരുന്നു.
മില്ലിലെ ഷൂട്ട് കഴിഞ്ഞ് ജലദോഷവുമായി ഞങ്ങള്‍ കുടുംബശ്രീ ചേച്ചിമാരുടെ വേറൊരു പ്രയത്നമായ പൊതുകുളം വൃത്തിയാക്കുന്നിടത്തേക്ക് പോയി. ഡിസ്‌കവറി ചാനലിനെ വെല്ലുംവിധത്തില്‍ സാഹസികമായാണ് ഞങ്ങള്‍ കുളത്തിലേയ്ക്ക് ഇറങ്ങിയത്. കുളത്തില്‍ നിന്നും ചെളി കോരി വൃത്തിയാക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. എരി വെയിലിലും കയ്യ് മെയ്യ് മറന്ന് അവര്‍ ഒരുമയോടെ പ്രവര്‍ത്തിച്ചു. പണിയെടുക്കുന്നതില്‍ മാത്രമല്ല അതുവഴി പോയ ഒരു നീര്ക്കോലിയെ കാലപുരിക്കയക്കുന്നതിലും അവര്‍ ആ ഒത്തൊരുമ കാണിച്ചു.പണിയെടുക്കുന്നവരില്‍ ഒരു “മാക്‌സി” ഇട്ട ചേച്ചി ഇടയ്ക്ക് “മാസ്‌ക്” ആയതൊഴിച്ചാല്‍ മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഞങ്ങള്‍ ഷൂട്ട് വേഗം തീര്‍ത്തു.
കുളത്തില്‍ നിന്നും കയറിച്ചെന്നത് നടനഗ്രാമത്തിലേക്കായിരുന്നു. കേരള നടനത്തിന്റെ ആചാര്യന്‍ Dr. ഗുരുഗോപി നാഥിന്റെ സ്മരണാര്ത്ഥം സ്ഥാപിച്ച നടന ഗ്രാമത്തില്‍ കേരള നടനം കൂടാതെ മിക്ക കലകളും അഭ്യസിപ്പിക്കുന്നുണ്ട്. ഗുരുഗോപി നാഥിന്റെ ശിഷ്യന്മാര്‍ തന്നെയാണ് അവിടുത്തെ അദ്ധ്യാപകര്‍. ഗുരുകുല വിദ്യാഭ്യാസ രീതിയെ ഓര്മ്മിപ്പിക്കും വിധമായിരുന്നു നടന ഗ്രാമത്തിലെ ക്ലാസ് മുറികള്‍. രാവിലെ മുതല്‍ വെയിലുകൊണ്ട ക്ഷീണമെല്ലാം ഒരു നിമിഷം മറന്നു പോയി. അത്രയക്ക് മനോഹരമായിരുന്നു ആ കലാ ക്ഷേത്രം.
നടന ഗ്രാമത്തിലെ എല്ലാ കലാകാരന്മാരും നല്ലരീതിയില്‍ ഞങ്ങളോട് സഹകരിച്ചു. സമയം സന്ധ്യയോടടുക്കാറായിരുന്നു.. ക്ലാസുകള്‍ കഴിഞ്ഞ് കുട്ടികള്‍ പോയിതുടങ്ങി. തിരക്കുകള്‍ക്കിടയില്‍ എല്ലാവരും കാത്തിരുന്ന ആ ശബ്ദം കേട്ടു. “പാക്ക് അപ്പ്” വട്ടിയൂര്ക്കാവിനോട് യാത്ര പറഞ്ഞ് വീണ്ടും ഞങ്ങള്‍ വണ്ടിയിലേക്ക് ഗോര്‍ക്കി ലക്ഷ്യമാക്കി.
ജയശ്രീ. എസ്. ജി.