ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ സോഷ്യല്‍ റിയാലിറ്റി ഷോ- ഗ്രീന്‍ കേരള എക്സ്പ്രസിനെ അടുത്തറിയാനും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുസ്ഥിര വികസനപ്രവര്‍ത്തനങ്ങള്‍ കാമറയില്‍ പകര്‍ത്താനും യൂറോപ്പിലെ പ്രമുഖ ടി.വി ചാനല്‍ കേരളത്തിലെത്തി. ഗ്രീന്‍ കേരള എക്സ്പ്രസ് സംഘത്തിനൊപ്പം ഒരാഴ്ച്ച ചെലവഴിക്കാനാണ് 'അര്‍ട്ടെ' (ARTE- Association Relative a la Television Europeenne)-യുടെ ഫ്രഞ്ച് കറസ്പോണ്ടന്റ് മര്‍ജൊലെയ്ന്‍ ഗ്രാപ്പെയും കാമറമാന്‍ ക്രിസ്റ്റഫെ ബാറെയറും കേരളത്തില്‍ വന്നത്. 

വിവിധ ദേശീയ മാധ്യമങ്ങളില്‍ നിന്നും ഗ്രീന്‍ കേരള എക്സ്പ്രസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ആര്‍ട്ടെയെ അതിനെ അടുത്തറിയാന്‍ പേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. 'കേരളത്തിലെ ഗ്രാമങ്ങള്‍ അവരുടെ വികസനങ്ങള്‍ എടുത്തു പറഞ്ഞ് മത്സരിക്കുന്ന ഈ പരിപാടി തികച്ചും വ്യത്യസ്തമാണ്, അതിനാല്‍ തന്നെ ഇത് ഫ്രാന്‍സിലെ ഞങ്ങളുടെ പ്രേക്ഷകരെ അറിയിക്കണമെന്നുണ്ട്' ഗ്രാപ്പെ വ്യക്തമാക്കി. പ്രകൃതി സംരക്ഷണത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഫ്രാന്‍സിന് ഗ്രീന്‍ കേരള എക്സ്പ്രസ് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ഗ്രാപ്പെ പറഞ്ഞു. 

ഗ്രീന്‍ കേരള എക്സ്പ്രസിനൊപ്പം ആലപ്പുഴയിലെ ചില ഗ്രാമങ്ങളില്‍ സഞ്ചരിച്ച ആര്‍ട്ടെ സംഘം, സൈക്കിളില്‍ സഞ്ചരിച്ചുള്ള അവതരണത്തെയും പ്രശംസിക്കുന്നു. പാലമേല്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ ഗ്രീന്‍ കേരള എക്സ്പ്രസ് ദൂരദര്‍ശനില്‍ കാണുന്നതും, ആവേശത്തോടെ തങ്ങളുടെ പഞ്ചായത്തിന് എസ്.എം.എസ് അയയ്ക്കുന്നതും ക്രിസ്റ്റഫെ ചിത്രീകരിച്ചു. വികസനത്തിലും പ്രകൃതി സംരക്ഷണത്തിലും ജനങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കാന്‍ ആ രംഗം ഉപകരിക്കുമെന്നാണ് ക്രിസ്റ്റഫെയുടെ പക്ഷം. കേരളത്തിന്റെ പ്രകൃതിഭംഗി ആവോളം കാമറയില്‍ പകര്‍ത്താനും അദ്ദേഹം മറന്നില്ല.  

ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒട്ടനവധി പ്രേക്ഷകരുള്ള ചാനല്‍ നെറ്റ്വര്‍ക്കായ ആര്‍ട്ടെയുടെ ആസ്ഥാനം സ്റ്റാര്‍സ്ബോര്‍ഗാണ്.  

Related Stories

Categories: